Friday, October 12, 2007



ഷേക്സ്പിയര്‍ റെസ്റ്റോറന്റ്‌










ഷേക്സ്പിയര്‍ റസ്റ്റോറിന്റിന്റെ ഒരിരുണ്ട മൂലയില്‍ ഒരു സിനിമാ പ്രദര്‍ശനം നടക്കുകയാണ്‌. നിറയെ യുദ്ധങ്ങളും ക്രൂരമായ കൊലപാതകങ്ങളും അധികാരം അതിന്റെ ഉന്മാദം ആഘോഷിക്കുകയാണ്‌. ഹിരോഷിമയും ഹിറ്റ്ലറും വിയറ്റ്നാമും എല്ലാം കൂടെ ചേര്‍ന്ന്‌ ക്രൂരതയുടെ ഇതിഹാസമെന്നപോലെ ഒരു സിനിമ. സിനിമയ്ക്കൊടുവില്‍ മേരിയും മാര്‍ട്ടിനും വേട്ടയായി പിടിക്കപ്പെടുന്നു. അവള്‍ ക്രൂരമായി വധിക്കപ്പെടുന്നു. ഒരു വിശാലമായ ശവക്കുഴിയിലേയ്ക്ക്‌ മറ്റനേകം ജഡങ്ങളോടൊപ്പം ഇവരുടെ ശരീരവും ഏതോ ഒരു യന്ത്രത്തിന്റെ സഹായത്തോടെ വലിച്ചെറിയപ്പെടുന്നു. ഇതോടെ സിനിമ അവസാനിക്കുമ്പോഴേയ്ക്കും മൂന്നാറങ്ങിന്റെ പിന്നാമ്പുറത്തെങ്ങോ ഒരു വിജയാഹ്ലാദത്തോടെയുള്ള ഒരു ബാന്റുമേളം ഉയരുന്നു. (ഒപ്പം പാട്ടുപോലെ ശബ്ദം)



ഡബിള്‍ ഡബിള്‍



‍ടോയില്‍ ആന്‍ഡ്‌ ട്രബിള്‍



‍ഫയര്‍ ബേണ്‍ ആന്‍ഡ്‌



കോള്‍ഡ്രോണ്‍ ബബിള്‍



‍കൂള്‍ ഇറ്റ്‌ വിത്ത്‌ എ ബബൂണ്‍സ്‌ ബ്ലഡ്‌



ഡബിള്‍ ഡബിള്‍



‍ടോയില്‍ ആന്‍ഡ്‌ ട്രബിള്






‍റസ്റ്റോറന്റിന്റെ വിചിത്രവേഷധാരികളായ പാചകക്കാര്‍ തണ്ടില്‍ കെട്ടിയ ഒരു പന്നിയെ തൊലി പൊളിച്ച രൂപത്തില്‍ ഇവിടേയ്ക്ക്‌ കൊണ്ടുവരികയാണ്‌. ഒരു പ്രത്യേക താളത്തില്‍ മൂവരും പന്നിയെ അതിനെ വേവിക്കുന്ന അടുപ്പിനു മുകളിലെ കൊളുത്തില്‍ തൂക്കിയിടുന്നു. മറ്റൊരു പാചകക്കാരന്‍ ഒരു കൂറ്റന്‍ തവികൊണ്ട്‌ പ്രാകൃതമായ ഒരു പാത്രത്തില്‍ ഇളക്കിക്കൊണ്ടേയിരിക്കുന്നു. മൂന്നാമത്തെ പാചകക്കാരന്‍ മറ്റൊരു തവിയുമായി ഇയാളെ സഹായിക്കാനെത്തുന്നു.




ഒന്നാം പാചകക്കാരന്‍: ചത്താലും ചാകാത്ത പന്നികളാ, കൊന്നൊടുക്കിയാലും പുഴുക്കളെ പോലെ മുളച്ചു പൊന്തിക്കോളും ഈ വികൃത ജന്മങ്ങള്‍........ ഇതാ ഇപ്പത്തന്നെ നോക്ക്‌........... ഞാനെന്റെ കണ്ണുകൊണ്ട്‌ കണ്ടതാ. ഇതിന്റെ ഒമ്പത്‌ മക്കളെയും ഇത്‌ കൊന്നുതിന്നു. പന്നിക്കുഴിയില്‍നിന്നും ഇനിയുമിതിനെ തൊലിയുരിച്ചില്ലായിരുന്നെങ്കില്‍ പന്നികളുടെ വര്‍ഗ്ഗത്തെ മുഴുവന്‍ ഇത്‌ നശിപ്പിക്കുമായിരുന്നു. വൃത്തികെട്ട ജന്തു!


ര.പാചകക്കാരന്‍: നമ്മളിവിടെ എന്തുവേവിച്ചാലും ആ തീറ്റക്കൊതിയന്മാര്‍ ആര്‍ത്തിയോടെ വലിച്ചു വാരിത്തിന്നും. കോഴിയിറച്ചിക്കുപകരം വേവുന്നതെന്താ, ഉഗ്രന്‍ ചൊറിത്തവളകള്‍!




മൂ.പാചകക്കാരന്‍: ശരിയാ, നോക്ക്‌. എന്റെയീ പാത്രത്തില്‍ ഒരു പല്ലി വീണിരിക്കുന്നു. സാരമില്ല, വെട്ടിത്തിളച്ച്‌ സകലതും കുഴമ്പുപരുവമാവുന്ന ഈ കൊടുംചൂടില്‍ എന്തു പല്ലി?




ഒ.പാചകക്കാരന്‍: (ചിരിച്ചുകൊണ്ട്‌) തീറ്റക്കൊതിയന്മാര്‍ക്ക്‌ വല്ല പൂച്ചരോമമോ ചെന്നായ്പ്പല്ലോ കിട്ടിയാല്‍തന്നെ നമുക്കെന്ത്‌? ശകാരം മുഴുവനും വിളമ്പുകാരന്‍ മാര്‍ട്ടിനും അയാളുടെ പുന്നാര ഭാര്യയും കേട്ടോളും.




മൂ.പാചകക്കാരന്‍: ശരിയാ. ചിലപ്പോള്‍ പാവംതോന്നും. കാലം കുറേയായി അയാളും അവളും ഇങ്ങനെ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട്‌?ര.പാചകക്കാരന്‍: എനിക്കാ വൃത്തികെട്ട ജന്തുവിനെ ഇഷ്ടമേയല്ല. 'മേരി മാര്‍ട്ടിന്‍', പന്നിയെ തൊലിപൊളിച്ചതുപോലെയുള്ളൊരു വെളുത്ത പിശാച്‌. നിനക്കോര്‍മ്മയില്ലേ, ഒരിക്കലൊരിത്തിരി ആട്ടിന്‍സൂപ്പ്‌ അവളുടെ ഉടുപ്പിലായതിന്‌ അവള്‍ മുതലാളിക്ക്‌ പരാതി കൊടുത്തു. അവളുടെ കുടുംബം ഞാന്‍ കുളംതോണ്ടും. നരകപ്പന്നി!




ഒ.പാചകക്കാരന്‍: സത്യത്തില്‍ ഈ റസ്റ്റോറന്റ്‌ മാര്‍ട്ടിനവകാശപ്പെട്ടതാ. കള്ളപ്പലിശയെഴുതി കാലങ്ങള്‍ക്കുമുമ്പ്‌ 'ഡോണ്‍' മുതലാളി സ്വന്തമാക്കിയതാ ഇത്‌.മൂ.പാചകക്കാരന്‍: പാവം മേരി മാര്‍ട്ടിന്‍. പണിയെടുത്ത്‌ അവളുടെ ശരീരം വല്ലാതെ ക്ഷീണിച്ചു. അവളേയും അവളുടെ ഭര്‍ത്താവിനേയും എങ്ങനെയെങ്കിലും സഹായിക്കണം.




ര.പാചകക്കാരന്‍: (ദേഷ്യം വന്ന്‌) എങ്കില്‍ നീ ചെന്ന്‌ ആ വൃത്തികെട്ട ജന്തുവിന്റെ കൂടെപ്പൊറുക്ക്‌. എന്നിട്ടാ മച്ചിപ്പന്നിയില്‍ നിന്റെ സന്താനങ്ങളെ ഉണ്ടാക്ക്‌. പന്നിവാലുള്ള നരന്തു ജന്തുക്കള്‍...... അല്ല പിന്നെ!(മൂന്നാമന്‍ ഒരു ഇറച്ചിക്കഷണം കൊണ്ട്‌ അയാളെ എറിയുന്നു. രണ്ടുപേരും മല്‍പ്പിടുത്തത്തിലാണ്‌. ഒന്നാം പാചകക്കാരന്‍ ഇടപെട്ട്‌ രംഗം ശാന്തമാക്കുന്നു.)




ഒ.പാചകക്കാരന്‍: മതി, നിര്‍ത്ത്‌. നമ്മളിങ്ങനെ സമയം പാഴാക്കിയിട്ട്‌ കാര്യമില്ല. ഒന്നുകില്‍ മാര്‍ട്ടിനെ സഹായിക്കണം. അല്ലെങ്കില്‍ അവന്റെ കുടുംബം കുളംതോണ്ടണം.




ര.പാചകക്കാരന്‍: ശരി, നമുക്കത്‌ രണ്ടുംകൂടെ ഒന്നിച്ച്‌ ചെയ്യാം. നമ്മളവരെ സഹായിക്കുന്നതോടെ സ്വാഭാവികമായും അവര്‍ നരകത്തിലെ ചെളിതിന്നു തുടങ്ങും!(പെട്ടെന്ന്‌ ഇതിനിടയിലേയ്ക്ക്‌ പുറത്തുകൂടെ കുനിഞ്ഞ ശിരസ്സുമായിവരുന്ന മാര്‍ട്ടിനെ കണ്ടുകൊണ്ട്‌ ഒന്നാമന്‍ മിണ്ടരുതെന്ന്‌ ആംഗ്യം കാണിക്കുന്നു.)


ഒ.പാചകക്കാരന്‍: ശ്ശ്‌! ഒച്ചവെയ്ക്കല്ലേ. ആ മാര്‍ട്ടിന്‍, അവന്റെ ഒടിഞ്ഞ തലയുമായി വരുന്നുണ്ട്‌.




മൂ.പാചകക്കാരന്‍: ആ ജന്തു വല്ല ഇംഗ്ലീഷുകാര്‍ക്കും വിളമ്പിക്കൊടുക്കാന്‍ പോയിക്കാണും.(മാര്‍ട്ടിന്‍ പാചകപ്പുരയിലേയ്ക്ക്‌ കടന്നുവരുന്നു. മൂവരും ഒരേ സ്വരത്തില്‍)




മൂ.പാചകക്കാരന്‍: ബഹുമാന്യനായ മാര്‍ട്ടിന്‍, സ്വാഗതം!




മൂ.പാചകക്കാരന്‍: വിളമ്പുകാരുടെ നേതാവേ, സ്വാഗതം!




ഒ.പാചകക്കാരന്‍: ഈ റസ്റ്റോറന്റിന്റേയും സകലമാന ഐശ്വര്യങ്ങളുടേയും രാജാവേ, സ്വാഗതം.




മാര്‍ട്ടിന്‍: ഒന്നും മിണ്ടണ്ട; അയാളെന്നെ തല്ലി. പിന്നെയും തല്ലി. ഒരുപാട്‌ പേരുണ്ടായിരുന്നു അവിടെ, അവരുടെ മുന്നില്‍വെച്ച്‌....... പിടിച്ചുവെയ്ക്കാന്‍ വന്ന മേരിയേയും ആ ജന്തു തല്ലിച്ചതച്ചു. വിഷസര്‍പ്പങ്ങളുടെ രാജാവാണയാള്‍. അയാളെ ഞാന്‍ കൊല്ലും.




ര.പാചകക്കാരന്‍: (മാര്‍ട്ടിനരികിലേക്ക്‌ പതിയെ നീങ്ങിക്കൊണ്ട്‌) കൊല്ലണം മാര്‍ട്ടിന്‍, കൊല്ലണം. യഥാര്‍ത്ഥത്തില്‍ ഇതെല്ലാം നിനക്കവകാശപ്പെട്ടതാണ്‌. നിനക്കോര്‍മ്മയില്ലേ, ഈ റസ്റ്റാറന്റ്‌ നിന്റമ്മയുടെതായിരുന്നു.




മൂ.പാചകക്കാരന്‍: നിനക്കൊമ്പത്‌ വയസ്സുള്ളപ്പോള്‍ നിന്റമ്മയെ നിലവറയിലെ പെരുംതണുപ്പില്‍ കെട്ടിയിട്ട്‌ കൊന്നാ അയാളിത്‌ സ്വന്തമാക്കിയത്‌. ഇല്ലാത്ത പലിശയുടെ പേരും പറഞ്ഞ്‌ അയാള്‍ ജനങ്ങളുടെ കണ്ണുംവെട്ടിച്ചു.




മാര്‍ട്ടിന്‍: ശരിയാ (ഓര്‍മ്മയിലേതെന്നപോലെ) നിലവറയിലേക്കുള്ള കരിങ്കല്ലു പാതയിലെത്തുമ്പോള്‍ എനിക്കിപ്പോഴും അമ്മയുടെ കരച്ചില്‍ കേള്‍ക്കാം.




ഒ.പാചകക്കാരന്‍: എന്നിട്ടോ മാര്‍ട്ടിന്‍, നീയൊന്നും മിണ്ടാതെയിരിക്കുന്നു. നിശ്ശബ്ദതയുടെ മുഖാവരണം അഴിച്ചു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!




മാര്‍ട്ടിന്‍: (തെല്ലുഭയത്തോടെ) അയാളൊരു ഭീകരമൃഗമാ, എങ്കില്‍ത്തന്നെ എനിക്കെന്ത്‌? തേക്കുമരത്തിന്റെ നെടുംതൂണുകളും മലയടിവാരത്തിലെ കരിങ്കല്ലു പാകിയുറപ്പിച്ച ഉശിരന്‍ നിലവിരിപ്പൂക്കളും കരുത്തുപകരുന്ന ഈ കെട്ടിടം എന്റമ്മ ജീവനേപ്പോലെ സ്നേഹച്ചിരുന്നു, ഇതെന്റേതാണ്‌. എന്തു തന്ത്രം പ്രയോഗിച്ചും ഇതെനിക്ക്‌ സ്വന്തമാക്കണം.




ഒ.പാചകക്കാരന്‍: മാര്‍ട്ടിന്‍ ഒന്നുംകൊണ്ടും ഭയക്കരുത്‌. കാലങ്ങളായി പന്നിക്കൊഴുപ്പു പുരണ്ട്‌ ബലിഷ്ഠമായ എന്റെ ശരീരം ഞാന്‍ നിനക്കുതരുന്നു.




മൂ.പാചകക്കാരന്‍: തേക്കുമരത്തിന്റെ തവിപിടിച്ചു തഴമ്പിച്ച എന്റെ കൈത്തഴമ്പും




.ര.പാചകക്കാരന്‍: മാര്‍ട്ടിന്‍, എനിക്കുള്ള സകലതും ഞാന്‍ നിനക്കുതരുന്നു. കാരണം നീയാണ്‌ നാളെ ഈ റസ്റ്റാറന്റിന്റെ അധിപന്‍. നഗരം മുഴുവന്‍ നിന്നെ ബഹുമാനത്തോടെ വണങ്ങും.




മാര്‍ട്ടിന്‍: നിങ്ങളുടെ വാക്കുകള്‍ സത്യമാണെങ്കില്‍, നിങ്ങളെന്നോടൊപ്പമുണ്ടെങ്കില്‍ പിന്നെന്തിന്‌ ഞാന്‍ ഭയക്കണം? ഞാന്‍ തയ്യാര്‍! ഇന്നുരാത്രി മേരിയുമായിട്ടൊന്നാലോചിക്കട്ടെ!




മൂ.പാചകക്കാരന്‍: ശരി മാര്‍ട്ടിന്‍, നിനക്ക്‌ ഞങ്ങളെ മരണംപോലെ വിശ്വസിക്കാം!(രംഗം പതിയെ ഇരുളുന്നു)






രംഗം 2






കനത്ത ഇടിയും മഴയും. മാര്‍ട്ടിന്റേയും മേരിയുടെയും മുറിയാകെ ചോര്‍ന്നൊലിക്കുന്നുണ്ട്‌. ഒരു കുടയും പിടിച്ച്‌ മുറിക്കുള്ളിലെ പഴഞ്ചന്‍ കട്ടിലില്‍ കൂനിക്കൂടിയിരിക്കുകയാണ്‌ രണ്ടുപേരും.




മേരി: ഈ മഴക്കാലത്തിനപ്പുറം എനിക്കിതൊന്നും സഹിക്കാന്‍ വയ്യ! നരകിച്ച്‌ മതിയായെനിക്ക്‌........




മാര്‍ട്ടിന്‍: (കോട്ടുവായിട്ടുകൊണ്ട്‌) വല്ലാതെ ഒറക്കം വരുന്നു മേരീ വാ, കെടക്കാം.




മേരി: അറവുശാലയിലെ പോത്തുപോലും നാണിച്ചുപോകും മാര്‍ട്ടിന്‍, നിങ്ങടെ ഉറക്കം കണ്ടാല്‍, ഇത്ര കുഴിമടിയനായി പോയല്ലോ നിങ്ങള്‍...... ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം പ്രധാന പാചകക്കാരന്‍ സംഗതികളെല്ലാം എന്നോട്‌ കൃത്യമായി പറഞ്ഞു. കാലന്‍ ചെള്ളുകളുടെ കടികൊണ്ട്‌ ഈ കുടുസ്സുമുറിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറേയായി.




മാര്‍ട്ടിന്‍: മേരി, നീയൊന്നുറങ്ങ്‌.




മേരി: ഇല്ല, ഇനി, ഒന്നുകൊണ്ടും വൈകരുത്‌. കാരണം അന്യായമായതൊന്നും നമ്മള്‍ ആഗ്രഹിക്കുന്നില്ലെന്നതുതന്നെ.മാര്‍ട്ടിന്‍: പക്ഷേ, എങ്ങനെ?




മേരി: പാചകക്കാര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ സകലതും അതിന്റെ ഏറ്റവും കൃത്യസമയത്ത്‌ നടക്കും.




മാര്‍ട്ടിന്‍: പക്ഷേ, എന്നെ..... എന്തോ വല്ലാത്തൊരു ഭയം പിടികൂടിയിരിക്കുന്നതുപോലെ.




മേരി: (ദേഷ്യത്തോടെ) ഹാ! സകലതും നശിച്ചു പോകയേ ഉള്ളൂ! ഭയം ഒരു മുഖം മൂടിമാത്രമാണ്‌. പതിയെ അതഴിച്ചുവെക്കണം. എന്നിട്ട്‌ വിഷസര്‍പ്പങ്ങളുടെ പുറന്തോലണിഞ്ഞ്‌ സൗമ്യമായ്‌ വഷപ്പല്ലുകളാഴ്ത്തണം. നിലവറയിലെ തണുപ്പില്‍ ഇപ്പഴും നിങ്ങളുടെ അമ്മയുടെ കരച്ചിലുകള്‍ കട്ടപിടിച്ച്‌ കിടക്കുന്നുണ്ട്‌? ഒന്നും മറന്നുപോകരുത്‌.




മാര്‍ട്ടിന്‍: ഇല്ല, എനിക്കെല്ലാമോര്‍മ്മയുണ്ട്‌. പക്ഷേ, മേരീ, നീ വല്ലാതെ മാറിയിരിക്കുന്നു!




മേരി: മാറ്റം! അതൊരൊളിച്ചുകളിയാണ്‌. കാലന്‍ കാക്കകളുടെ പരുക്കന്‍ ശബ്ദത്തോടെ രാത്രിയില്‍ സംസാരിക്കുന്നതും പകല്‍ ഒരു പൂവിനെപ്പോലെ മന്ദഹസിച്ച്‌ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതും. പക്ഷേ ഒന്നുണ്ട്‌. ഈ രാവില്‍ നമ്മളെന്തെങ്കിലും പദ്ധതിയിട്ടേ മതിയാവൂ. ഹാ! നരകത്തിലെ അദൃശ്യരായ ശക്തികളേ, എന്റെ ഉപ്പൂറ്റി മുതല്‍ ഉച്ചിവരെ ഭീകരമായ ക്രൗര്യമൊഴിച്ചു നിറയ്ക്കുക. എന്റെ പ്രിയപ്പെട്ടവന്‌ കരുത്ത്‌ പകരാന്‍ ഈ രാവിന്റെ ഇരുണ്ട ശിലാഫലകങ്ങളില്‍ 'മരണം' എന്നുമാത്രം എഴുതിവെക്കുക




.മാര്‍ട്ടിന്‍: മതി! നിര്‍ത്ത്‌. ഒരു പുരുഷനെപ്പോലെ ഞാന്‍ ആണയിടുന്നു. ഈ രാവിരുണ്ട്‌ പുലരുംമുമ്പ്‌ നമ്മളൊരു വഴി കണ്ടെത്തും.




മേരി: നിങ്ങളൊരു യോദ്ധാവിനെപ്പോലെ സംസാരിക്കുന്നു. നിങ്ങളൊരു വിളമ്പുകാരനാണെന്ന്‌ മറന്നുപോകണ്ട!




മാര്‍ട്ടിന്‍: വിളമ്പുകാരന്‍! ഇനി ഞാന്‍ വിളമ്പുന്നത്‌ ആ ജന്തുവിന്റെ പുഴുങ്ങിയ കരളായിരിക്കും.(ഇവരുടെ സംസാരത്തെ മുറിച്ചുകൊണ്ട്‌ അപ്രതീക്ഷിതമായി പാചകക്കാരന്‍ ഇടപെടുന്നു.)




മൂവരും ഈ നഗരം മുഴുവന്‍ വണങ്ങുന്ന രണ്ടുപേര്‍ക്കും വന്ദനം!




മാര്‍ട്ടിന്‍: പക്ഷേ, നിങ്ങളെങ്ങനെ ഇവിടെയെത്തി?




ഒ.പാചകക്കാരന്‍: ഇരുളില്‍ ചുമരു തുളച്ച്‌!




മൂ.പാചകക്കാരന്‍: മച്ചിലൂടെ ഇഴഞ്ഞ്‌!




ര.പാചകക്കാരന്‍: പ്രകാശത്തിന്റെ നേര്‍ത്ത പാലത്തിലൂടെ!




മേരി: ബഹുമാന്യരേ, സ്വാഗതം! ഏത്‌ അര്‍ദ്ധരാത്രിയിലും ഈ മുറിയിലേയ്ക്ക്‌ സ്വാഗതം.




ഒ.പാചകക്കാരന്‍: എന്തു തീരുമാനിച്ചു മാര്‍ട്ടിന്‍?




മാര്‍ട്ടിന്‍: കൊല്ലണം, അതൊന്നേ എനിക്കറിയൂ. ഞാനാണ്‌ ആ കൃത്യം ചെയ്യേണ്ടത്‌ എന്നതിനാല്‍ അത്‌ മാത്രമേ എനിക്കറിയൂ. പക്ഷേ എങ്ങനെ? എവിടെ വെച്ച്‌? എനിക്കൊന്നുമറിയില്ല.




മൂ.പാചകക്കാരന്‍: എനിക്കറിയാം, ബഹുമാന്യനായ മാര്‍ട്ടിന്‍! വിനോദവേളകളിലൊന്നില്‍!




ര.പാചകക്കാരന്‍: ശരിയാണ്‌. സകലതും കുടിച്ചുന്മത്തരായി മാസാവസാന പാര്‍ട്ടിയിലിരിക്കുമ്പോള്‍!




ഒ.പാചകക്കാരന്‍: ഇംഗ്ലീഷുകാര്‍ക്ക്‌ വേണ്ടി റസ്റ്റോറന്റില്‍ നാടകം കളിക്കാന്‍ നിങ്ങളുടെ മുതലാളിയേയും വിളിക്ക്‌! അതിനിടയിലെപ്പോഴെങ്കിലും അയാളുടെ പണിതീര്‍ത്തേക്ക്‌. ഒരീച്ചപോലുമറിയില്ല!




മേരി: (സന്തോഷത്തോടെ) ലോകത്തിലെ സകലമാന ദുഷ്ടബുദ്ധികളും കൊണ്ട്‌ ഒരു രൂപമുണ്ടാക്കിയാല്‍ അതിന്‌ നിങ്ങളുടെ ഛായയായിരിക്കും! അതെ! ഈ പ്രാവശ്യം നമ്മള്‍ കളിക്കുന്നത്‌ മാക്ബത്ത്‌ തന്നെയാവട്ടെ. ആ കിഴങ്ങനാവണം ഡങ്കന്‍ രാജാവ്‌. മാര്‍ട്ടിന്‍ നിങ്ങള്‍ തന്നെ പടയാളികളുടെ രാജാവ്‌, മാക്ബത്ത്‌!




മാര്‍ട്ടിന്‍: ശരിയാണ്‌. അത്‌ ചെയ്യുന്നതോടെ അത്‌ ചെയ്തു തീരുമെങ്കില്‍ എത്രയും വേഗം അത്‌ ചെയ്തു തീര്‍ക്കുകയായിരിക്കും ഏറ്റവും നല്ലത്‌!




ഒ.പാചകക്കാരന്‍: അതെ, മാക്ബത്ത്‌, ഓ ക്ഷണിക്കണം, മാര്‍ട്ടിന്‍! മദ്യലഹരിയില്‍ ഉന്മത്തരായി സകലരും നാടകം കളിക്കുമ്പോള്‍.




ര:പാചകക്കാരന്‍: ഒരു തൂവാല കൊണ്ട്‌, മാര്‍ട്ടിന്‍, നിങ്ങള്‍ തന്നെയതു ചെയ്യണം, സ്വാസം മുട്ടിച്ച്‌! അയാളുടെ വെള്ളാരങ്കണ്ണ്‌ പുറത്തേക്ക്‌ തുറിക്കണം!




മൂ.പാചകക്കാരന്‍: തൂവാല എനിക്ക്‌ തന്നേക്കൂ, മാര്‍ട്ടിന്‍ സ്രാവിന്‍ പല്ലുകെട്ടിയ ആ കത്തി മതി നിങ്ങള്‍ക്ക്‌.




മാര്‍ട്ടിന്‍: ശരിയാണ്‌. എനിക്കെന്റെ കത്തി മതി, എന്റമ്മയുടെ സമ്മാനം. ഒരിലപോലുമനങ്ങാതെ ഞാനതു നിര്‍വഹിക്കും. പ്രകാശമണയാനാവുമ്പോള്‍ നീയ തിളങ്ങുന്ന തൂവാല ഉയര്‍ത്തിക്കാട്ടണം, ഞാന്‍ മേരിക്കു കൊടുത്ത വിവാഹ സമ്മാനം!




മേരി: ശരിതന്നെ. ലോകമേ പ്രകൃതിയുടെ അന്തമില്ലാത്ത ക്രൂരതയ്ക്കായ്‌ കാത്തുനില്‍ക്കൂ. കനത്ത രാവേ, വരിക. നരകത്തിന്റെ ഏറ്റവും ഇരുണ്ട പുകകൊണ്ട്‌ ഇവിടം മൂടുക. നാടകത്തിനുശേഷം ഒരിക്കലും അയാള്‍ സൂര്യനെ കാണരുത്‌. ഇനി സോണിന്റെ മരണം വരെ ഉറക്കമില്ലാത്ത രാവുകളാണ്‌.(രംഗവേദി പതിയെ ഇരുണ്ട പുകയാല്‍ മൂടപ്പെടുന്നു.)






to b continude.....